Kerala
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരേ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടിപ്രവർത്തകരാണ്. അവരെ വിലക്കുന്നതിനു പകരം ചിലർ തന്നെ ഉപദേശിക്കാൻ വരുന്നു.
ആരു വിചാരിച്ചാലും തന്നെ പാർട്ടിയിൽനിന്ന് ഒറ്റപ്പെടുത്താനാകില്ല. സൈബർ ആക്രമണം നടത്തുന്നവരെ വിലക്കാതെ മന്ത്രി സജി ചെറിയാനും അന്പലപ്പുഴ എംഎൽഎ. എച്ച്. സലാമും ജില്ലാ സെക്രട്ടറി ആർ. നാസറും അവരെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സജി ചെറിയാൻ തനിക്കെതിരേ പരസ്യപ്രവർത്തനം നടത്തി. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന തന്നെ സജി ചെറിയാൻ ഉപദേശിക്കുകയാണ്. പാർട്ടിയോട് ചേർന്ന് നിൽക്കണമെന്നാണ് തന്നോട് സജി ചെറിയാൻ ഉപദേശിക്കുന്നത്. പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന തന്നെയാണ് ഉപദേശിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ തെറ്റായ കാര്യങ്ങളാണ് പറയുന്നത്. എച്ച്. സലാം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പറയുന്നത് പാർട്ടി നയത്തിൽ ഊന്നിയുള്ള കാര്യങ്ങളാണ്. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി അന്വേഷിക്കുന്നുണ്ടോയെന്ന അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ പാർട്ടി നശിക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും മറ്റുള്ളവർ അങ്ങനെ ചിന്തിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബ്രാഞ്ചിൽ മാത്രം പ്രവർത്തനത്തിനിറങ്ങും. തനിക്കെതിരേ നേതാക്കൾ അപവാദങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
തൃശൂര്‍: സിപിഎം നേതാവും കുന്നംകുളം മുന്‍ എംഎല്‍എയുമായ ബാബു എം. പാലിശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ബാബു എം. പാലിശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.
കൊരട്ടിക്കരയിൽ ജനിച്ച അദ്ദേഹം 1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. കുന്നംകുളം കടവല്ലൂര്‍ സ്വദേശിയായ അദ്ദേഹം രണ്ടു തവണ കുന്നംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന നിർവാഹക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു.
കേസിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. ഇവർക്കു പുറമെ സുജിത്ത്, ടി.കെ. സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 കോടതി പ്രതികളെ വെറുതെ വിട്ടത്. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സി.കെ. ശ്രീധരനും കെ. വിശ്വനും ഹാജരായി.
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെയാണ് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൂന്ന് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടി.പി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്.
14 ദിവസമാണ് കേസിൽ കോടതിയിൽ വിസ്താരം നടന്നത്. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകൾ മാർക്ക് ചെയ്തു. 63 തൊണ്ടി മുതലുകൾ ഹാജരാക്കി.
വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ വിജയ്യുടെ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ സ്ഥലം സിപിഎം പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ. രാധാകൃഷ്ണന്, വി. ശിവദാസന്‍ എന്നിവരുമുണ്ട്.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സംസ്ഥാനത്തെ സിപിഎം നേതാക്കൾ നേരത്തെ സന്ദർശിച്ചിരുന്നു. കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: ഇടതുസർക്കാർ മൂന്നാമതും വരുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളത്തിൽ വികസനത്തിന്റെ പാത വെട്ടിത്തുറന്ന് മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കലാണ് നാമിപ്പോൾ. ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമുദായിക സംഘടനകൾ സിപിഎമ്മിനെ പിന്തുണയ്ക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. സമുദായിക സംഘടനകൾ ഉൾപ്പെടെ, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിർക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തിൽ അണിചേരാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല നിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരിദൂരമെന്നും ആ വെള്ളം അവരങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ ഗവൺമെന്റ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ ഗവൺമെന്റിന് ഒപ്പം നിന്നു. അതുകൊണ്ട് എൻഎസ്എസിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർഥമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സര്‍ക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണ് എന്‍എസ്എസിന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
പാലക്കാട്: ലൈംഗികാതിക്രമ ആരോപണങ്ങൾക്കു പിന്നാലെ മണ്ഡലത്തിൽ സജീവമാകാനൊരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ്.
രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിന്റെ പാലക്കാട്ടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കുറ്റപ്പെടുത്തി.
അപാര ചർമബലമുള്ള ആളുകൾക്ക് മാത്രമേ ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ എത്താൻ ധൈര്യം ഉണ്ടാകൂ എന്നും രാഹുലിനെ പേറിയാൽ കോൺഗ്രസ് നാറുമെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ ഒറ്റവാക്കേയുള്ളൂ, 'വൃത്തികെട്ടവൻ'. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വൃത്തികെട്ട കാര്യങ്ങളാണ്. രാഹുലെന്ന ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളും. രാഹുലിനെതിരെ നടപടി എടുത്തു എന്ന കോൺഗ്രസ് നിലപാട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിന് ഇന്ന് ഹാജരാകാൻ നിർദേശം. വിദേശത്തുള്ള യാസർ ഹാജരാകുന്നില്ലെങ്കിൽ അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ ഇറക്കും.
ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ ഇതിന് കൃത്യമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
അതേസമയം, അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെ ഇന്ന് ചോദ്യം ചെയ്യും. യൂട്യൂബ് ചാനലിലൂടെ ഷൈനെയും കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടു എന്നതാണ് ഷാജഹാനെതിരായ കെ.ജെ ഷൈനിന്റെ പരാതി.
വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച ഷാജഹാന്റെ ഫോണ്‍ പോലീസ് തിങ്കളാഴ്ച പിടിച്ചെടുത്തിരുന്നു. ചോദ്യംചെയ്യലിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ആലുവ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ഷാജഹാന്റെ ഫോണ്‍ പരിശോധനയ്ക്ക്
കെ.എം.ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട്ടില്‍ സൈബര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വൈകാതെ കൈമാറും. തിങ്കളാഴ്ച രാത്രി എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് നടത്തിയ പരിശോധനയിലാണ് ഷാജഹാന്റെ ഐ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്.
സാമൂഹമാധ്യമത്തില്‍ ചിത്രം അപ്ലോഡ് ചെയ്ത ഫോണാണ് പിടിച്ചെടുത്തത്. ഡിജിറ്റല്‍ തെളിവുകള്‍ തേടി ഇന്നലെ രാത്രി വൈകിയും പോലീസ് സംഘം പരിശോധന തുടര്‍ന്നിരുന്നു. ഏതാനും രേഖകളും കണ്ടെത്തിയെന്നാണ് വിവരം.
സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ മെറ്റ
സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെയും പോലീസ് നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറാനൊരുങ്ങി മെറ്റ. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നതായി മെറ്റ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കേസില്‍ പ്രതിച്ചേര്ത്തിട്ടുള്ള കെ.എം. ഷാജഹാന്, കോണ്‍ഗ്രസ് പ്രദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് പുറമേ പോസ്റ്റ് ഷെയര്‍ ചെയ്ത നൂറോളം പേജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പരമാവധി സൈബര്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. യുട്യൂബര്‍ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഗോപാലകൃഷ്ണന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഇയാളുടെ പറവൂരിലെ വീട്ടിലാണ്. പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. അധിക്ഷേപ പരാമര്‍ശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണില്‍ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് കൈമാറും. ആലുവ സൈബര്‍ പോലീസിന് മുമ്പാകെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ ഗോപാലകൃഷ്ണനും, കെ.എം. ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രഫൈല്‍ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പോസ്റ്റുകളില്‍ കമന്റിട്ടവരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയേക്കും.
Kerala
കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. ആലുവ സൈബർ പോലീസ് ഷൈനിന്റെ മൊഴിയെടുത്തു.
അപകീർത്തികരമായ വാർത്ത നല്കിയ ഓൺലൈൻ മാധ്യമത്തിനും പത്രത്തിനും അഞ്ച് കോൺഗ്രസ് അനുകൂല പോർട്ടലുകൾക്കുമെതിരേയാണ് കേസെടുത്തത്.
നേരത്തെ തനിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഷൈനിനെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു. ഇടത് എംഎൽഎയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ പ്രചരണത്തിനെതിരെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ഷൈൻ പരാതി നൽകിയത്.
Kerala
കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം. അന്ന് ഇതിനു പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ടെന്നും ഷിയാസ് ആരോപിച്ചു.
ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദേശം നൽകും.
പ്രതിപക്ഷ നേതാവിനുമേൽ കുതിര കയറേണ്ട. വി.ഡി. സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
Kerala
പറവൂര്‍: 'ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഷൈൻ പറഞ്ഞു.
പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം.
ബോംബു പൊട്ടുമ്പോള്‍ തളര്‍ന്നു പോകരുതെന്ന് ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പു തന്നിരുന്നതായും അവര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് തങ്ങളുടെ കുടുംബത്തെ നന്നായി അറിയാം. അപവാദ പ്രചരണത്തില്‍ പറയുന്ന ദിവസം വീടിനു മുന്‍വശം പ്രാദേശിക ഓണാഘോഷം നടക്കുകയായിരുന്നു. താനും അതിലുണ്ടായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ പരിപാടിയില്‍ പങ്കെടുക്കുകയും ബന്ധു ആശുപത്രിയില്‍ ആയതിനാല്‍ അവിടേക്ക് പോകുകയുമായിരുന്നുവെന്ന് ഷൈന്‍ പറഞ്ഞു.
ചവിട്ടിപ്പൊളിച്ച വാതില്‍ ഉടനെ നന്നാക്കിയതായും പഴമ നിലനില്‍ക്കുന്ന വാതില്‍ ചൂണ്ടി ഹാസ്യരൂപത്തില്‍ അവര്‍ പ്രതികരിച്ചു. തങ്ങളുടെ ദേഹത്തു പറ്റിയ ചെളി മാറാന്‍ മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് കോണ്‍ഗ്രസ് ചെയ്തത്. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ജീവിത പങ്കാളിയെ എപ്പോഴും കൂടെ ചേര്‍ത്തു നിര്‍ത്തുമെന്നും ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ കെ.ജെ.ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സിപിഎമ്മിന്റെ ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമം. ആരോപണമുന്നയിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണെന്നും ടി. സിദ്ധിഖ് കൂട്ടിച്ചേർത്തു.
സിദ്ധിഖിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നായിരുന്നു കെ. റഫീഖ് ആരോപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക പുറത്തുവിട്ടാണ് റഫീഖ് ആരോപണമുന്നയിച്ചത്.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Kerala
കൽപ്പറ്റ: കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖിനെതിരേ ഇരട്ടവോട്ട് ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി എംഎൽഎയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Kerala
തൃശൂർ: അയ്യപ്പസംഗമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഏതെങ്കിലും വിമർശനങ്ങൾ കേട്ട് പിന്നോട്ടുപോകില്ല. വിശ്വാസത്തിന് എതിരായ നിലപാട് ഒരിക്കലും സിപിഎം എടുക്കില്ല. വർഗീയ വാദികളുടെ കൂടെ സിപിഎമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. അതിനപ്പുറം നടക്കുന്ന പ്രചരണങ്ങൾ വർഗീയവാദികൾ നടത്തുന്നതാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎം വിശ്വാസികൾക്കൊപ്പമാണെങ്കിൽ യുവതിപ്രവേശനം എന്ന നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും പഴയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
Kerala
കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ'- സതീശൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ'- എന്നാണ് സതീശന് പറഞ്ഞത്.
സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കന്മാര്ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവച്ചു.
രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. ബലാത്സംഗ കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും സതീശന് പറഞ്ഞു.
ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്നും സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. രാഹുലിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹവും പാർട്ടിയുമാണെന്ന് ഷംസീർ പറഞ്ഞു.
ജനപ്രതിനിധികൾ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം. സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ഒരു കാര്യവും ഔദ്യോഗികമായി തന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. രാഹുലിന്റെ പ്രവൃത്തികൾ കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല. കെപിസിസിയും ഷാഫി പറമ്പിലും ഇടപെട്ട് രാഹുലിനെക്കൊണ്ട് രാജിവയ്പ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് അപമാനകരമായ സംഭവമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നിരവധി പെൺകുട്ടികളെ സ്നേഹം നടിച്ച് രാഹുല്‍ വഞ്ചിച്ചു. അതിരുകടന്ന ധിക്കാരവും ധാർഷ്ട്യവുമാണ് രാഹുൽ കാണിക്കുന്നത്. അയാൾക്കുള്ളത് ഒരു വൈകൃതമാണെന്നും ശ്രീമതി പറഞ്ഞു.
ദേശീയതലത്തിൽ നേതാക്കൾ ആരും പ്രതികരിച്ചില്ല എഐസിസിയുടെ ദയനീയ പരാജയമാണിത്. എന്തുകൊണ്ടാണ് കേരളത്തിലെ വനിത എംപിയായ പ്രിയങ്ക ഗാന്ധി ഇതുവരെ പ്രതികരിക്കാത്തതെന്നും അവര്‍ ചോദിച്ചു.
മുകേഷ് എംഎൽഎ സ്ഥാനം രാജിവച്ചില്ലല്ലോ എന്ന ചോദ്യത്തിന് കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് തങ്ങളുടെ നിലപാടെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. പി.കെ. ശശിയെ സിപിഎം വെറുതെ വിട്ടില്ലല്ലോയെന്നും അയാൾക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ടല്ലോ എന്നും ശ്രീമതി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നിർബന്ധിത ഗർഭഛിദ്രത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Kerala
കണ്ണൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ. രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് ശൈലജ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണമെന്നും ശൈലജ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
<b>കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: </b>
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകൾക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്.
Kerala
കൊല്ലം: കടയ്ക്കലിൽ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന സംഘർഷത്തിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനെ കുത്തിയ കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കന്മാർക്കും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് കേസ്. ആൻസർ അഹമ്മദ്, ഷംബി ഷമീർ, അമൽ തുമ്പമൺതൊടി, നിസാം, ഷമീർ കുമ്മിൾ എന്നിവർ അറസ്റ്റിലായി. ചിതറ സ്വദേശികളായ സുൽഫിക്കർ, സമീർ എന്നിവരെ റിമാൻഡ് ചെയ്തു.
അതേസമയം, കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ 24 സിപിഎം പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സുബലാൽ, കാർത്തിക്, വികാസ്, ദീപു, ഗഫൽ, ആർഎസ് ബിജു, പത്മകുമാർ, സഫീർ, ഷിബു തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വിഥുൻ വേണു(30)വിന്റെ വയറ്റിലാണ് കുത്തേറ്റത്. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും കോൺഗ്രസ് നേതാവിന്റെ കടയും അടിച്ചുതകർത്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലയ്ക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
ന്യൂഡൽഹി: സിപിഎമ്മിലെ പരാതി ചോർച്ച വിവാദത്തിൽ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
കത്തിന്റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്നും ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയതായിരുന്നു ഗോവിന്ദൻ.
സിപിഎം നേതാക്കളും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുമായി ലണ്ടനിലെ മലയാളി വ്യവസായിയായ രാജേഷ് കൃഷ്ണ നടത്തിയ സാന്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് സ്വകാര്യ വ്യക്തി നൽകിയ രഹസ്യ പരാതി ചോർന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം കത്തുന്നത്.
അതേസമയം, സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ സാന്പത്തിക ഭദ്രതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിവാദത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ അടക്കമുള്ള നേതാക്കളൊന്നും പ്രതികരിച്ചില്ല.
നേതാക്കളുമായുള്ള സാന്പത്തിക ഇടപാടുകളുടെ പേരിൽ ആരോപണവിധേയനായ വ്യക്തി തന്നെയാണ് ചോർന്ന പരാതി, മറ്റൊരു മാനനഷ്ടക്കേസിൽ തെളിവായി ഹൈക്കോടതിയിൽ എത്തിച്ചതും വിവാദം ആളിക്കത്തിച്ചതും.
പത്തനംതിട്ട സ്വദേശിയും എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹിയും ലണ്ടൻ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്ക് സംസ്ഥാനത്തെ മന്ത്രിമാർ അടക്കമുള്ളവരുമായി സാന്പത്തിക ഇടപാടുകളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയിലെ വ്യവസായി 2021 ലാണ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത്.
വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേർന്നു സംസ്ഥാന സർക്കാർ പദ്ധതികളിൽനിന്നു പണം തട്ടുകയും ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കന്പനി വഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിക്കാതെ രഹസ്യമാക്കി വച്ചു.
മധുര പാർട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ലണ്ടനിലെ വിവാദ വ്യവസായി എത്തിയെങ്കിലും ഇയാൾക്കെതിരേ സാന്പത്തികമുൾപ്പെടെയുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുപ്പിക്കാതെ മടക്കി അയച്ചിരുന്നു. സിപിഎം പിബി അംഗമായിരുന്ന അശോക് ധാവ്ളെയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദ വ്യവസായിയെ പാർട്ടി കോണ്‍ഗ്രസിൽനിന്നു വിലക്കിയത്.
പിബിക്ക് നല്കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്താണെന്ന് പരാതി നല്കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു.
Kerala
തൃശൂർ: പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വിപിൻ വിൽസൺ ആണ് അറസ്റ്റിലായത്. വിപിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു.
വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ ചൊവ്വാഴ്ച സുരേഷ് ഗോപിയുടെ ചേറൂറിലെ എംപി ഓഫീസിലേക്കാണ് സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്. തുടർന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ് ബോർഡിൽ പ്രതിഷേധക്കാർ കരിഓയിൽ ഒഴിച്ചത്. തുടർന്ന് ബോർഡിൽ ചെരുപ്പുമാലയിടുകയും ചെയ്തു.
ചൊവ്വാഴ്ചയുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവർത്തകര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ സിപിഎം പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്കൂളില്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ തടഞ്ഞിട്ട് കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
മാധ്യമങ്ങളെ ഇറക്കിവിടേണ്ട കാര്യമില്ല. ജനാധിപത്യ പ്രക്രിയയില്‍ പല പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നത് മാധ്യമങ്ങളാണ്.
മാധ്യമവിലക്കല്ല പോംവഴി. ആലപ്പുഴ കാര്‍ത്തികപ്പള്ളി യുപി സ്കൂലില് നടന്ന സംഭവങ്ങള്‍ അന്വേഷിക്കും. ഇക്കാര്യത്തില്‍ പഞ്ചായത്തിനോട് വിശദീകരണം തേടുമെന്നും മന്ത്രി പ്രതികരിച്ചു.